പ്രളയത്തിന്റെ വേദനകള്‍....(1)
ഓഗസ്റ്റ് 16
കനത്ത മഴപെയ്യുകയായിരുന്നു....
പ്രകൃതിയെ അത്രമേല്‍ സ്‌നേഹിക്കുന്നതുപോലെ.
പതിവു ജോലികള്‍ക്കായി പോകുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാറില്ല.
മഴയുടെ താളത്തില്‍ തിരിച്ചെത്തിയപ്പോള്‍ പതിവിലും വിപരീതമായി
നിരവധി മിസ്ഡ് കാളുകള്‍.....
പേരെഴുതി ചേര്‍ത്തുവെച്ച നമ്പറുകളെക്കാളും കൂടുതല്‍
അപരിചിതമായ നമ്പറുകളാണ് അധികവും
തിരിച്ചു വിളിച്ചുതുടങ്ങിയപ്പോള്‍ മറുതലയ്ക്കല്‍
വെപ്രാളത്തിന്റെ, ഭീതിയുടെ, വേദനയുടെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത
നൊമ്പര വാര്‍ത്തകള്‍....
കൊണ്ടുപോയി ഞങ്ങളുടെ കൂട്ടുകാരെ.....
കൊണ്ടുപോയി ഞങ്ങളുടെ അയല്‍ക്കാരെ....
ഒറ്റയടിക്ക് ഇല്ലാതായത് മൂന്ന് വീടുകള്‍....
കാണാതായത് പത്ത് ജീവനുകള്‍.....
പ്രകൃതി വികൃതി കാണിച്ചു....
ഭക്തര്‍ കയറുന്ന ആതവനാട് കുന്നിന്റെ ഒരു ഭാഗത്ത് വലിയ ഉരുള്‍പൊട്ടല്‍.... മനുഷ്യ ജീവനുകള്‍ മണ്ണിനടിയിലായി കുത്തിയൊലിച്ചുപോയി.
വാക്കുകള്‍ അവസാനിപ്പിച്ചു തുടങ്ങിയതും വേഗത്തില്‍ ഓടിയെത്തി.
വലിയ ആള്‍ക്കൂട്ടം... യന്ത്രക്കൈകള്‍ മണ്ണിളക്കുന്നു....
പ്രിയപ്പെട്ടവരെ പിടികൂടാന്‍ കഴിയുമെന്ന പ്രാര്‍ത്ഥനയില്‍ പ്രദേശവാസികള്‍.....
രക്ഷപ്പെടുത്തിയവരെ കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍....
അപ്പോഴേക്കും മണ്ണിലേക്ക് തിരിച്ചെടുത്തു കുഞ്ഞുവാവയുടെ ചലനമറ്റ ശരീരം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. മരണ സംഖ്യ അഞ്ചിലേക്ക്........തിരച്ചിലുകള്‍ തുടരുന്നു. അഗ്നി രക്ഷാ സേനയും, പോലീസും, നാട്ടുകാരും..... നേതൃത്വം നല്‍കി എം.എല്‍.എ.യും.
മാധ്യമങ്ങള്‍ എത്തിതുടങ്ങി....
വാര്‍ത്ത പുറം ലോകത്ത് എത്തിയതോടെ
നിയന്ത്രിക്കാന്‍ കഴിയാത്ത ജനകൂട്ടം...
അതിനിടയില്‍ വീണ്ടും മലമുകളില്‍ വന്‍ ശബ്ദം
വീണ്ടും ഉരുള്‍പൊട്ടല്‍..വെള്ളപ്പാച്ചില്‍..
സുരക്ഷിതമായി ഓടിമാറുമ്പോഴും...
മഴ തിമിര്‍ത്തുകൊണ്ടേയിരിക്കുന്നു.....
വൈകീട്ട് അവസാനിപ്പിക്കുമ്പോഴേക്കും
ഏഴു ജീവനുകള്‍ പൊലിഞ്ഞുപോയി...
ഇനിയും മൂന്നുപേരെകൂടി കണ്ടെത്തണം.
കനത്ത മഴയും, വെളിച്ചക്കുറവുമായതോടെ രക്ഷാ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.
നിങ്ങളുടെ അവഗണനയാണ് ഞങ്ങളുടെ അയല്‍ക്കാരുടെ ജീവനെടുത്തത്.
അധികാരികളോട് പറയുന്ന വാക്കാണിത്.
മറുതലയ്ക്കല്‍ പൊട്ടിച്ചെടുക്കാന്‍ അനുമതി നല്‍കിയ കുന്നിന്റെ താഴ് വരയാണിത്.
പാതാളത്തോളം താഴ്ത്തിയെടുത്ത്
കച്ചവടക്കണ്ണുമായി നടക്കുന്ന കാലത്ത്
ആര് ആരെ ശ്രദ്ധിക്കാനാണ്....
മണ്ണില്‍ പുതഞ്ഞ രൂപങ്ങളും, ശരീരം വേര്‍പെട്ട കാഴ്ച്ചകളും,
എന്താണ് സംഭവിച്ചതെന്ന് അറിയാതെ ലോകത്തോട് വിടപറഞ്ഞവരും..
രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത ദേഹങ്ങള്‍
കഴുകി വൃത്തിയാക്കാന്‍ സന്മനസ്സുമായി നിന്ന
നെന്മാറ ആസ്പത്രിയിലെ മാലാഖമാരും...
ദുരന്തമുഖത്തെ വലിയ ദുഖ കാഴ്ച്ചകളുമായി
ഒരു ദിനം പിന്നിടുമ്പോഴും.......
കണ്ണുകളില്‍ ഉറക്കമെത്തുന്നില്ല...
അവരുടെ ചോദ്യം മുഴങ്ങുകയാണ്.
ചിലതിനോടുള്ള അശ്രദ്ധയും, അവഗണനയുമാണ്
ഇവരുടെ ദുരിതത്തിന് കാരണം....











